ട്വിറ്റർ നിരോധിച്ചു; ഇന്ത്യയുടെ കൂ ഇൻ ആപ്പിനെ സ്വാഗതം ചെയ്ത് നൈജീരിയ

അബുജ: ട്വിറ്റർ നിരോധിച്ചതിന് പിന്നാലെ ഇന്ത്യയുടെ സമൂഹ മാദ്ധ്യമ ആപ്പായ കൂ ആപ്പിനെ സ്വാഗതം ചെയ്ത് നൈജീരിയ. രാജ്യത്ത് ആപ്പ് ലഭ്യമാണെന്ന് കൂ സഹ സ്ഥാപകനും സിഇഒയുമായ അപരമേയ രാധാകൃഷ്ണ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് നൈജീരിയ ട്വിറ്റർ നിരോധിച്ചത്.
സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് അപരമേയ രാധാകൃഷ്ണ കൂ ആപ്പ് നൈജീരിയൻ ജനത ഉപയോഗിക്കുന്നുണ്ടെന്ന വിവരം പങ്കുവെച്ചത്. ഇത് ആപ്പിന്റെ സ്വീകാര്യത കൂടുതൽ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ മ്യാൻമർ, നാംബിയ, നേപ്പാൾ, സെനഗൽ, റുവാണ്ട, ഫിലിപ്പീൻസ്, പെറു, പരഗ്വായ് എന്നീ രാജ്യങ്ങളിലും കൂ ലഭ്യമാണ്.
നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് ട്വിറ്റർ നിരോധിച്ചത്. സർക്കാരിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കാൻ ട്വിറ്ററിന് സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
അതേസമയം രാജ്യത്ത് ആപ്പിനേർപ്പെടുത്തിയ നിരോധനം ട്വിറ്ററിന്റെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സർക്കാരുമായി ട്വിറ്റർ അധികൃതർ അടിക്കടി ബന്ധപ്പെടുന്നുണ്ട്. വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ സമീപിച്ചിട്ടുണ്ടെന്ന് നൈജീരിയൻ വിവരസാങ്കേതിക സാംസ്‌കാരിക വകുപ്പ് മന്ത്രി ലായ് മുഹമ്മദ് പറഞ്ഞു.