പ്രണയിനിയായ അയൽക്കാരിയെ യുവാവ് പത്ത് വർഷം വീട്ടിലൊളിപ്പിച്ച സംഭവം; അന്വേഷണത്തിനൊരുങ്ങി പോലീസ്


പാലക്കാട്: പ്രണയിനിയായ അയൽക്കാരിയെ യുവാവ് പത്ത് വർഷം വീട്ടിലൊളിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്.  2010 ഫെബ്രുവരിയിലാണ് അയിലൂർ സ്വദേശിയായ യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. അന്ന് അന്വേഷണ സംഘം നാടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത യുവതിയാണ് തൊട്ടടുത്ത വീട്ടിൽ പത്ത് വർഷം ഒളിച്ചുതാമസിച്ചതെന്ന് പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ നിരവധിപേരാണ് അയിലൂരിലെ വീട്ടിലേക്ക് സംഭവത്തെക്കുറിച്ചറിയാൻ എത്തിക്കൊണ്ടിരിക്കുന്നത്. സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് അയൽവാസികളും രംഗത്തെത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തി. മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉൾപ്പെടുന്ന തന്റെ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാൻ എന്ന യുവാവ് പ്രണയിനിയായ സജിതയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീടിന് മൂന്നു മുറിയും ഇടനാഴിയുമാണ് ഉള്ളത്. ഇലക്ട്രിക് ജോലിയിൽ വിദഗ്ദ്ധനായ യുവാവ് മുറിപൂട്ടാൻ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാൽ ലോക്കാവുന്ന ഓടാന്പലും സജ്ജീകരിച്ചു. രണ്ടുവയറുകൾ വാതിലിന് പുറത്തേക്കിട്ടിരുന്നതിൽ തൊട്ടാൽ ഷോക്കടിക്കുമെന്ന പേടിമൂലം വീട്ടുകാർ റൂമിനടുത്തേക്ക് പോകാതായി.ആർക്കും സംശയം തോന്നാതിരിക്കാൻ ഇയാൾ മാനസിക വിഭ്രാന്തിയുള്ളതായി അഭിനയിച്ചു. ഭക്ഷണം സ്വന്തം മുറിയിൽ കൊണ്ടുപോയി കഴിച്ചു.

പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒരിക്കൽ റഹ്മാനെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിരുന്നു. ഇതോടെ എല്ലാ കാര്യങ്ങളും ബന്ധുക്കളറിയുമെന്ന് ഭയമായി. മൂന്നുമസം മുന്പാണ് യുവാവ് സജിതയേയും കൂട്ടി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞദിവസം നെന്മാറയിൽവച്ച് സഹോദരൻ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

അതേസമയം സാഹചര്യം കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്നും പരസ്പരം പിരിയാൻ  പറ്റാത്തതുകൊണ്ടും തങ്ങളുടെ ബന്ധത്തിന് വീട്ടുകാർ തടസം നിൽക്കുമൊയെന്ന പേടികൊണ്ടാണ്  ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്നും റഹ്മാനും സജിതയും പ്രതികരിച്ചു. ഇപ്പോൾ ഹാപ്പിയാണെന്നും ഇനി മനഃസമാധാനത്തോടെ ജീവിക്കണമെന്നും അവർ പറയുന്നു.

You might also like

Most Viewed