ഇന്ത്യയിൽ ജനുവരിയോടെ വാക്സിന്‍ വിതരണം തുടങ്ങും; ഒക്ടോബര്‍ മാസത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം....


ന്യൂഡല്‍ഹി: 2021 ജനുവരി മാസം മുതൽ രാജ്യത്ത് കൊവിഡ് മഹാമാരിക്കെതിരായ വാക്സിൻ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്.

ഇതുവഴി അടുത്ത ഒക്ടോബര്‍ മാസത്തിനുള്ളിൽ വാക്സിന്‍ എല്ലാവരിലേക്കും എത്തുമെന്നും അതിലൂടെ ജീവിത പഴയപടിയാകുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ മാസാവസാനത്തോടെ, ഞങ്ങൾക്ക് [കൊറോണ വൈറസ് വാക്‌സിനായി] ഒരു അടിയന്തര ലൈസൻസ് ലഭിച്ചേക്കാം, പക്ഷേ വലിയതോതിലുള്ള ഉപയോഗത്തിനുള്ള യഥാർത്ഥ ലൈസൻസ് പിന്നീടുള്ള തീയതിയിൽ വന്നേക്കാം. എന്നാൽ, റെഗുലേറ്റർമാർ അനുമതി നൽകിയാൽ ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് 2021 ജനുവരിയിൽ ആരംഭിക്കാൻ കഴിയും, ”അദർ പൂനവല്ല പറഞ്ഞു.

രാജ്യത്തെ 20 ശതമാനം ആളുകള്‍ക്കും വാക്സിന്‍ ലഭിച്ചു കഴിഞ്ഞാൽ ആത്മ വിശ്വാസവും താത്പര്യവും തിരികെ വരുന്നതായി കാണുവാന്‍ സാധിക്കും. അടുത്ത വർഷം സെപ്റ്റംബർ-ഒക്ടോബർ വരെ എല്ലാവർക്കും വേണ്ടത്ര വാക്സിനുകൾ ലഭിക്കുമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്നും സെറം മേധാവി പറഞ്ഞു.

You might also like

Most Viewed