കൂർക്കംവലി നിർത്താൻ

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുന്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ. കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുന്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.
ഇത് കൂർക്കം വലിയുടെ ശാസ്ത്രീയ വിശദ്ധീകരണം. എന്നാൽ മറ്റുള്ളവർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന, നാം അറിയാതെ പോകുന്ന ഈ അവസ്ഥ, മറ്റുള്ളവർ പറയുന്പോൾ മാത്രമേ നാം അറിയാറുള്ളൂ എന്നതാണ് സത്യം. ഈ കൂർക്കം വലി നിർത്തുവാൻ എല്ലാവരും പരിശ്രമിക്കാരുണ്ട്. ഉപബോധഅവസ്ഥയിൽ ഉള്ള കാര്യങ്ങൾക്ക് മാത്രമേ ശരീരം സപ്പോർട്ട് ചെയ്യൂ എന്നതിനാൽ, ഉറക്കത്തിൽ നടക്കുന്ന നാം അറിയാത്ത ഈ പ്രവൃത്തിക്ക് തടയിടാൻ വളരെയധികം പ്രയാസമാണ്.
പലപ്പോഴും ജീവിതക്രമീകരണങ്ങൾ കൊണ്ടു തന്നെ കൂർക്കംവലി വലിയൊരളവോളം പരിഹരിക്കാൻ കഴിയും.
ചരിഞ്ഞു കിടക്കുക: മലർന്നു കിടന്നുറങ്ങുന്പോൾ കഴുത്തിലെ പേശികൾ അയഞ്ഞു തളർന്ന് ശ്വാസനാളം ചുരുങ്ങി കൂർക്കംവലിയുണ്ടാകാം. ചരിഞ്ഞു കിടന്നാൽ ഈ പ്രശ്നം വലിയൊരളവോളം പരിഹരിക്കാനാവും.
തടികുറയ്ക്കുക: കൂർക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്നം പരിഹരിക്കാനാവും.
തലയണ വേണ്ട: മലർന്നു കിടന്നുറങ്ങുന്പോൾ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുന്പോൾ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക: ഉറങ്ങാൻ കിടക്കുന്നതിനു രണ്ട് മണിക്കൂർ മുന്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും.
ജലദോഷം അകറ്റുക: മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവർക്ക് കൂർക്കംവലിയും വിട്ടുമാറില്ലെന്നു വരാം. ആവിപിടിക്കുക: ശ്വാസതടസ്സം, കഫക്കെട്ട്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.
പതിവായി വ്യായാമം ചെയ്യുക: കഴുത്തിലെ പേശികൾക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുന്പോൾ പേശികൾക്കു ബലം കിട്ടും. ഇത് കൂർക്കംവലി തടയാൻ സഹായിക്കും.