ദേശീയ സിനിമാ ദിനം; സെപ്തംബർ‍ 16ന് ഇന്ത്യയിൽ 75 രൂപയ്ക്ക് സിനിമ കാണാം


ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാൻ രാജ്യത്തെ മൾട്ടിപ്ലക്സുകൾ. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും(എംഎഐ) രാജ്യത്തുടനീളമുള്ള തിയേറ്ററുകളും ചേർന്നാണ് ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 16ന് സിനിമാ പ്രേമികൾക്ക് ഇത്തരമൊരു അവസരം ഒരുക്കുന്നത്. സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ സഹായിച്ച സിനിമാ പ്രേമികൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കൊവിഡാനന്തരം തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കുക കൂടി ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. 

എന്നാൽ തമിഴ്നാട്ടിൽ ആ ദിവസം മുഴുവൻ തുകയും നൽകി ടിക്കറ്റ് എടുക്കേണ്ടതായി വരും. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ചിമ്പു നായകനാകുന്ന 'വേണ്ടു തനിന്തതു കാട്(വിടികെ)' സെപ്റ്റംബർ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തിയേറ്റർ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാർശ അവഗണിക്കുന്നത്. വളർന്നുകൊണ്ടിരിക്കുന്ന ചലച്ചിത്രവ്യവസായമാണ് ഇന്ത്യയിലേത്. മാത്രമല്ല കൊവിഡിന് ശേഷമുള്ള ആഗോള ചലച്ചിത്ര വ്യവസായത്തിലെ താരതമ്യേന വേഗത്തിലുള്ള വീണ്ടെടുക്കൽ കാണപ്പെടുന്നതും ഇന്ത്യയിൽ ആണ്. 'കെജിഎഫ്: ചാപ്റ്റർ 2', 'ആർആർആർ', 'വിക്രം', 'ഭൂൽ 'ഭുലയ്യ 2' എന്നീ ഇന്ത്യൻ ചിത്രങ്ങളും 'ഡോക്ടർ സ്ട്രേഞ്ച്', 'ടോപ് ഗൺ: മാർവെറിക്ക്' ഉൾപ്പടെയുള്ള ഹോളിവുഡ് ചിത്രങ്ങളുമാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ സിനിമ വ്യവസായത്തിന് കരുത്തായത്. എന്നാൽ അവസാനമിറങ്ങിയ ∍ലാൽ സിംഗ് ഛദ്ദ∍ ഉൾപ്പടെയുള്ള ചിത്രങ്ങൾ വിജയം കാണാഞ്ഞത് രണ്ടാം പാദത്തിന്റെ ആദ്യം ബോക്സോഫീസിൽ ക്ഷീണമുണ്ടാക്കിയിട്ടൂണ്ട്.

You might also like

Most Viewed