ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ബോയ്‌കോട്ട് ചെയ്യാൻ ആഹ്വാനം


ആമിർ ഖാനെ നായകനാക്കി നവാഗതനായ അദ്വൈത് ചന്ദൻ ഒരുക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോയ്‌കോട്ട് ആഹ്വാനം. ട്വിറ്ററിൽ ട്രെൻഡിങ്ങായി #BoycottLaalSinghChaddha ഹാഷ്ടാഗ്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന ആമിർ ഖാന്റെ പഴയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിനെതിരെ ട്രോളുകൾ ഉയരുന്നത്. ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്നും, ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നുവെന്നും ആമിർ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും നിർണായക ദിനമായിരുന്ന ഐ.പി.എൽ ഫൈനൽ മത്സരത്തിലെ ഇടവേളയിലാണ് ടി.വിയിൽ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇതുവരെ ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയ്‌ലർ കണ്ടത്. ‘ലാൽ സിംഗ് ഛദ്ദ’യുടെ കൗതുകകരവും നിഷ്കളങ്കവുമായ ലോകത്തേക്ക് വെളിച്ചം വീശുന്ന കാഴ്ചയാണ് ട്രെയ്‌ലർ നൽകുന്നത്. ആമിർ ഖാന്റെ മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വളരെ രസകരമായും എന്നാൽ, വികാരനിർഭരമായുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

കരീന കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോന സിംഗ്, നാഗ ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്. ചിത്രത്തിലെ ‘കഹാനി’, ‘മെയിൻ കി കരൺ’ തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ആമിർ ഖാൻ പ്രൊഡക്ഷൻസ്, കിരൺ റാവു, വയാകോം 18 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

You might also like

Most Viewed