പുനീത് പഠന ചിലവ് വഹിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വിശാൽ

ചെന്നൈ: ഒരു നല്ല നടൻ എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജ്ജീവനായിരുന്നു അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ. അദ്ദേഹത്തിന്റെ മരണശേഷവും പുനീതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴിമുട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് നടൻ വിശാൽ.
‘പുനീത് രാജ് കുമാറിന്റെ മരണം സിനിമ മേഖലയ്‌ക്ക് മാത്രമല്ല, സമൂഹത്തിനും തീരാനഷ്ടമാണ്. 1800 കുട്ടികളുടെ പഠനച്ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അവരുടെ ചെലവുകൾ ഞാൻ ഏറ്റെടുത്തിരിക്കുന്നു. ഈ കുട്ടികൾക്ക് ഇനിയും സഹായം ലഭിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു’ വിശാൽ പറഞ്ഞു. വിശാലിന്റെ പുതിയ സിനിമ എനിമിയുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്.
വരുമാനത്തിന്റെ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച താരമാണ് പുനീത്. കൊറോണ ആദ്യ തരംഗത്തിന്റെ കാലത്ത് കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് 50 ലക്ഷം രൂപയാണ് പുനീത് നൽകിയത്.