നടൻ സന്താനത്തിന്റെ സഹോദരിയുടേത് അപകടമരണമല്ല; കൊലപാതകമെന്ന് മൊഴി, നാലു പേർ അറസ്റ്റിൽ


ചെന്നൈ: തമിഴ് നടൻ സന്താനത്തിന്റെ സഹോദരിയുടെ അപകടമരണത്തിൽ നിർണ്ണായക വഴിത്തിരിവ്. ജയഭാരതി മരിച്ചത് ബോധപൂർവ്വമുണ്ടാക്കിയ അപകടത്തിലാണെന്ന് കണ്ടെത്തിയ തിരുവള്ളൂർ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള ഭർ‍ത്താവാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് വിഷ്ണുപ്രകാശിന്റെ സഹോദരൻ പ്രസന്ന, ഡ്രൈവർ‍ രാജൻ ഉൾ‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിന്‍റെ അറസ്റ്റിനായി പോലീസ് എംബസിയെ സമീപിച്ചു.

സ്വകാര്യ സ്ഥാപനത്തിൽ‍ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ‍ മടങ്ങുന്നതിനിടെ ലോറി ഇടിച്ചാണ് ജയഭാരതി മരിച്ചത്. തിരുവള്ളൂർ‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ഇടറോഡിൽ‍ മരത്തിനും ലോറിക്കുമിടയിൽ‍ കുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംസ്കാരം കഴിഞ്ഞ് ദിവസങ്ങൾ‍ക്കകം അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടുകാരെ ഏൽ‍പ്പിച്ചാണ് ഭർ‍ത്താവ് വിഷ്ണു പ്രസാദ് അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങൾ‍ തുടങ്ങി. ഇതോടെയാണ് ബന്ധുക്കൾ‍ സംശയം തോന്നി പോലീസിനെ സമീപിക്കുന്നത്. നടൻ സന്താനത്തിന്‍റെ പരാതിയിൽ‍ തമിഴ്നാട് സർ‍ക്കാരിന്‍റെ പ്രത്യേക നിർ‍ദേശപ്രകാരം തിരുവള്ളൂർ‍ എസ്പിയുടെ നേതൃത്വത്തിൽ‍ അന്വേഷണം തുടങ്ങി.

ഇതിനിടെ ഇടിച്ച ശേഷം സ്കൂട്ടറിൽ‍ ജയഭാരതിയെ റോഡിന് സമീപത്തെ മരത്തിനടുത്തേക്ക് ലോറിയിൽ‍ വലിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോഡ്രൈവർ‍ മൊഴി നൽ‍കിയത് നിർ‍ണായകമായി. ലോറി ഡ്രൈവർ‍ രാജനെ ചോദ്യം ചെയ്തതോടെ ക്വട്ടേഷനാണെന്ന് കണ്ടെത്തി.

തിരുവരൂർ ജില്ലയിൽ താമസിക്കുന്ന ജയഭാരതി ഏതാനും വർഷങ്ങൾക്കുമുന്പ് യുഎസ്എയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ വിഷ്ണു പ്രകാശിനെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കിയിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇരുവരും പിരിഞ്ഞു . ജയഭാരതി കുറച്ച് വർഷങ്ങൾക്ക് മുന്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി.

ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി ജയഭാരതി വിഷ്ണു പ്രകാശിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇത് വിഷ്ണു ജോലി ചെയ്തിരുന്ന കന്പനിയിൽ പ്രശ്‌നമുണ്ടാക്കി. കേസ് പിൻവലിക്കാൻ ഭർത്താവ് ജയഭാരതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിൽ‍ ജയഭാരതിയെ ഒഴിവാക്കാനായി സഹോദരൻ‍ പ്രസന്നയുടെ സഹായത്തോടെ ക്വട്ടേഷൻ നൽ‍കുകയായിരുന്നു.

You might also like

Most Viewed