കോവിഡ്‍; പ്രമുഖ ചിത്രങ്ങൾ‍ ഷൂട്ടിംഗ് നിർ‍ത്തി


കൊച്ചി: കേരളത്തിൽ‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി. മോഹൻലാൽ‍, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പർ‍താര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിർ‍ത്തിവെച്ചു. നടൻ‍ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടർ‍ന്ന് മിന്നൽ‍ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുന്പ് നിർ‍ത്തി വെച്ചിരുന്നു. നിലവിൽ‍ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്.

മോഹൻലാൽ‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ട് ഗോവയിൽ‍ പുരോഗമിക്കുന്നതിനിടെ പ്രൊഡക്ഷൻ‍ ടീമിനടക്കം കോവിഡ് ബാധിച്ചതോടെ ചിത്രീകരണം നിലച്ചു. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളുമടക്കം പങ്കെടുക്കേണ്ടിയിരുന്ന ഷെഡ്യൂളായിരുന്നു. സുരക്ഷയെ മുന്‍നിർ‍ത്തിയാണ് ഷൂട്ടിംഗ് നിർ‍ത്തി വെച്ചത്. 

അമൽ‍ നീരദ്− മമ്മൂട്ടി ചിത്രമായ ഭീഷ്മപർ‍വ്വത്തിന്റെയും ജോഷി−സുരേഷ്ഗോപി ചിത്രമായ പാപ്പന്റെയും ഷൂട്ടിംഗ് ഇന്നലെ ഷെഡ്യൂളായി. ജൂനിയർ‍ ആർ‍ട്ടിസ്റ്റുകളടക്കം 150 ലേറെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രംഗങ്ങളാണ് പാപ്പനിൽ‍ ഇനി ചിത്രീകരിക്കാനുള്ളത്. ആൾ‍ക്കൂട്ടത്തെ ഒഴിവാക്കണമെന്ന കോവിഡ് പ്രോട്ടോകോൾ‍ നിലനിൽ‍ക്കുന്നതിനാൽ‍ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിർ‍ത്തി വെച്ചത്.

സെൻ‍ട്രൽ‍ പിക്ച്ചേഴ്സ് നിർ‍മ്മിച്ച് ജിസ്ജോയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുന്പ് ഷാജി കൈലാസ്− പൃഥ്വിരാജ് ചിത്രം കടുവയുടെയും ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ പുഴു അടക്കമുള്ള ഷൂട്ടിംഗ് ഇന്നത്തെ സാഹചര്യത്തിൽ‍ അനിശ്ചിതമായി നീളാനിടയുണ്ട്.

അതേസമയം നിലവിൽ‍ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർ‍ന്ന് സംസ്ഥാനത്തെ തിയേറ്ററുകളിലെ നിയന്ത്രണം, സെക്കന്റ് ഷോ നിർ‍ത്തലാക്കൽ‍ എന്നിവയാണ് പ്രധാന വെല്ലുവിളി. സിനിമകളുടെ റിലീസ് വൈകാനാണ് സാദ്ധ്യത. നിലവിൽ‍ സണ്ണി വെയ്ൻ‍ നായകനായ അനുഗ്രഹീതൻ ആന്റണി, മഞ്ജുവാര്യർ‍ ചിത്രം ചതുർ‍മുഖം, കുഞ്ചാക്കോ ബോബന്റെ നായാട്ട്, നിഴൽ‍ എന്നിവയാണ് തിയേറ്ററുകളിൽ‍ പ്രദർ‍ശിപ്പിക്കുന്നത്. കുറുപ്പ്, രണ്ട്, മാലിക്, കുഞ്ഞെൽ‍ദോ, ജാക് ആന്‍ഡ് ജിക്ക്, സ്റ്റാർ‍, മേപ്പടിയൻ‍, തുറമുഖം, വരയൻ‍, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് തയ്യാറായിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed