ദൃശ്യം 2 റിലീസ് വിവാദത്തിൽ പ്രതികരണവുമായി കമൽ
കൊച്ചി: മോഹന്‍ലാൽ−ജീത്തു ജോസഫ് ചിത്രം ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി സംവിധായകന്‍ കമൽ. താന്‍ ഒ.ടി.ടി.യെ അനുകൂലിക്കുന്നു എന്നാണ് കമൽ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സിനിമ തിയേറ്ററിൽ കാണിക്കാണോ അതോ ഒ.ടി.ടി.യിൽ കാണിക്കണോ എന്നത് നിർമാതാവിന്റെ സ്വാതന്ത്ര്യം ആണെന്നും കമൽ പറയുന്നു. സിനിമ കാണുക എന്നത് ജനങ്ങളുടെ അവകാശമാണ്, എങ്ങനെ കാണണമെന്ന് ആർക്കും നിർബന്ധിക്കാന്‍ സാധിക്കില്ല. അത് അവരുടെ താത്പര്യമാണ്. വീട്ടിൽ ഇരുന്ന് ചെറിയ സ്‌ക്രീനിൽ സിനിമകൾ കാണുക എന്നത് എത്രത്തോളം പ്രവർത്തികമാണെന്ന് അറിയില്ല. തിയേറ്ററുകളിൽ പോയി സിനിമ കാണുക എന്നത് മലയാളിയുടെ ശീലമാണ്.
കോവിഡ് പ്രതിസന്ധി കഴിയുന്പോൾ ജനങ്ങൾ തിയേറ്ററിൽ വരുമെന്നും കമൽ പറഞ്ഞു. അതുപോലെ തിയേറ്റർ ഉടമകളുടെ ആശങ്കയും ചിന്തിക്കേണ്ടത് തന്നെയാണ് എന്നാണ് കമൽ പറയുന്നത്. പണ്ട് ടെലിവിഷന്‍ വന്ന സമയത്ത് ജനങ്ങൾ തിയേറ്ററിൽ വരുന്നില്ല എന്നൊരു പ്രശ്‌നം വന്നു. അന്ന് നല്ല തിയേറ്ററുകളും സൗകര്യങ്ങളും കൊണ്ടു വന്ന് ആ പ്രതിസന്ധിയെ നേരിട്ടു എന്നും കമൽ വ്യക്തമാക്കി. ജനുവരി ഒന്നിന് ദൃശ്യം 2വിന്റെ ടീസർ പുറത്തുവിട്ടു കൊണ്ടാണ് ആമസോണ്‍ പ്രൈമിൽ റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് വിമർശനങ്ങളും വിവാദവും ഉയർന്നിരുന്നു. മോഹന്‍ലാലും ആന്റണി പെരുന്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററിൽ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി അവർക്ക് വേണ്ടേ എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ പ്രതികരിച്ചത്.

