പ്രഭാസ്-സെയ്ഫ് അലിഖാന്‍ ചിത്രം ‘ആദിപുരുഷ്’; റിലീസിന്
ന്യൂഡല്‍ഹി: പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷ്’ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഭാസ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷ് 3ഡി ചിത്രമായാണ് ഒരുക്കുക. ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പ്രഭാസ് രാമനായും സെയ്ഫ് അലിഖാന്‍ രാവണനായും ചിത്രത്തില്‍ വേഷമിടും. ദീപിക പദുക്കോണ്‍ അല്ലെങ്കില്‍ കൃതി സനോന്‍ നായികയായെത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ടി-സീരിസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
അതേസമയം, രാധേശ്യാം ആണ് പ്രഭാസിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഭൂത് പൊലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ധര്‍മ്മശാലയിലാണ് സെയ്ഫ് ഇപ്പോള്‍. തന്‍ഹാജി: ദ അണ്‍സങ്ങ് വാരിയര്‍ ആണ് ഓം റൗട്ട് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിലും സെയ്ഫ് തന്നെയായിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

