ദേശീയ ചലച്ചിത്ര അവാര്‍ഡ്: മലയാളത്തില്‍ നിന്നും 65 സിനിമകള്‍
കൊച്ചി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണത്തിനുള്ള സ്‌ക്രീനിങ് ആരംഭിക്കുന്നു. മലയാളത്തില്‍ നിന്നും 65 സിനിമകളാണ് അവാര്‍ഡിനായി മത്സരത്തിന് ഉണ്ടാവുക. ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണു മലയാളം, തമിഴ് സിനിമകളുടെ പ്രാദേശിക തിരഞ്ഞെടുപ്പു നടത്തുന്നത്. എന്നാല്‍ അന്തിമ ജൂറിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അടുത്ത ആഴ്ച മുതല്‍ സ്‌ക്രീനിങ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടനുണ്ടാകും. പ്രാദേശിക സിനിമകള്‍ വിവിധ ജൂറി അംഗങ്ങള്‍ അടുത്തയാഴ്ച മുതല്‍ കണ്ടു തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിസന്ധികള്‍ കാരണം രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെ മാറ്റിവച്ചിരുന്നു.
ഗോവ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌ഐ) ജനുവരി 16 മുതല്‍ 24 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയ പുരസ്‌ക്കാര നിര്‍ണയത്തിനുള്ള നടപടികള്‍ ഇനിയും വൈകരുത് എന്ന വിലയിരുത്തലിലാണ് മന്ത്രാലയം. അതേസമയം, ഫലപ്രഖ്യാപനം അടുത്ത വര്‍ഷം ആദ്യത്തേക്ക് നീളാനും സാധ്യതയുണ്ട്. സിനിമകള്‍ കണ്ടു വിധി നിര്‍ണയിക്കാന്‍ കുറഞ്ഞതു 40 ദിവസമെങ്കിലും വേണ്ടിവരും. ഐഎഫ്എഫ്‌ഐയുടെ മത്സര വിഭാഗത്തിലേക്കുള്‍പ്പെടെയുള്ള സിനിമകളുടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

