മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റി

കൊച്ചി: മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റിയതായി റിപ്പോർട്ട്. നവംബർ 21ൽ നിന്ന് ഡിസംബർ 12ലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയിരിക്കുന്നത്.
റിലീസ് മാറ്റാൻ എന്താണ് കാരണമെന്ന് വ്യക്തമല്ല. മാമാങ്കത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകർ ഒരുക്കിയിട്ടുണ്ടായിരുന്നത്. റിലീസ് തീയതി മാറ്റിയതോടെ ആരാധകർ നിരാശയിലാണ്. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വർഷത്തിലൊരിക്കൽ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വൻ താരനിര തന്നെയുണ്ട്.
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തിൽ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് പിന്നീട് എം. പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.