ഞാൻ വിവാഹിതയായി
ന്യൂഡൽഹി: ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാർത്ത രാഖി തന്നെയാണ് പുറത്തു വിട്ടത്. യുകെയിൽ ബിസിനസ്മാനും മുപ്പത്തിയാറുകാരനുമായ റിതേഷ് ആണ് രാഖിയുടെ വരൻ. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ജൂലൈ 28നായിരുന്നു വിവാഹം. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്റെ ആരാധകനെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത്. എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ ആരാധകനെ. ദിവസേന നൂറു കണക്കിന് ആരാധകർ എനിക്ക് സന്ദേശങ്ങളയയ്ക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഞാൻ വളരെ സങ്കടപ്പെട്ടിരിക്കുന്പോൾ എനിക്കൊരു മെസേജ് വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത്? എനിക്കത്ഭുതമായി എങ്ങനെ മനസ്സിലായെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞാൻ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ മനസ്സും എനിക്കറിയാൻ കഴിയാറുണ്ട്. അന്ന് ഞാൻ അറിഞ്ഞു. അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന്.” നാൽപ്പതുകാരിയായ രാഖി പറയുന്നു.
എന്താണ് വിവാഹം രഹസ്യമാക്കി വച്ചതെന്ന ചോദ്യത്തിനും രാഖി മറുപടി നൽകി. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാൽ പിന്നെ അവർക്ക് സിനിമകൾ ലഭിക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാർക്കത് പ്രശ്നമേയല്ല. കാരണം, അവർക്കെന്നും സിനിമകൾ കിട്ടും. ഞാൻ ഐറ്റം നന്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാർത്ത പുറത്തറിയുന്പോൾ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്നങ്ങളിലെ പുരുഷനെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്.
ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ നടന്നുവെന്നും രാഖി പറയുന്നു. തൽക്കാലം ഭർത്താവിനെ മാധ്യമങ്ങൾക്കു മുന്നിൽ കൊണ്ടു വരുന്നില്ലെന്നും 2020ലേ തനിക്ക് കുട്ടികൾ വേണ്ടൂവെന്നും രാഖി വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങൾ ജനിച്ചാൽ ബേബി ഫോട്ടോഷൂട്ട് നടത്താമെന്ന് റിതേഷ് പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങൾക്കു മുന്നിലെത്താമെന്ന് റിതേഷ് പറഞ്ഞതായും രാഖി വെളിപ്പെടുത്തി. ബോളിവുഡിനു പുറമെ കന്നഡ, മറാത്തി, ഒഡിയ, തെലുങ്ക്, തമിഴ് സിനിമകളിലൂടെ സിനിമയിലെത്തിയ രാഖി ഹിന്ദിയിലെ ആദ്യ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായിരുന്നു. തുടർന്ന് സ്വന്തം വരനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ രാഖി കാ സ്വയംവർ എന്ന റിയാലിറ്റി ഷോ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. സ്വയംവരം എന്ന പരന്പരാഗത രീതിയിൽ വിവാഹം ചെയ്യാനുള്ള ആഗ്രഹത്താലാണ് അത്തരമൊരു റിയാലിറ്റി ഷോ നടത്തിയത്. അതിൽ വിജയിച്ച ഇലേഷ് പരുജന്വാലയുമായി വിവാഹനിശ്ചയമുണ്ടായെങ്കിലും സാന്പത്തിക കാരണങ്ങളാൽ വിവാഹം നടന്നില്ല. പിന്നീട് ടിവി സീരിയലുകളിലും ഐറ്റം ഡാൻസ് നന്പറുകളിലും തിളങ്ങിയ രാഖി രാഷ്ട്രീയ ആം പാർട്ടിയെന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും രൂപീകരിച്ചിരുന്നു. പിന്നീട് അതിൽ നിന്നും രാജി വെച്ച് ജൂൺ 2014ൽ ആർ പി ഐയിൽ ചേർന്നു. 2018 ഡിസംബറിൽ ദീപക് കലാൽ എന്ന വ്യക്തിയുമായി താൻ വിവാഹിതയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വിവാഹവും നടന്നില്ല.

