സേതുരാമയ്യർ ഉടൻ; ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജഗതിയും?
കൊച്ചി: മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസായ സേതുരാമയ്യർ സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകും. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യർ സിബിഐ 2004ലും നേരറിയാൻ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്. കാർ അപകടത്തിൽ ശരീരം തളർന്നു പോയ ജഗതി പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുകയാണ്. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു.
കെ. മധുവും എസ്.എൻ സ്വാമിയും ഒരുക്കിയ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിൽ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

