അന്പൂരി കൊലക്കേസ്: അഖിൽ ആത്മഹത്യക്ക് ശ്രമിച്ചതായി മൊഴി
തിരുവനന്തപുരം: അന്പൂരി രാഖി കൊലക്കേസിൽ പ്രതികളുടെ വീട്ടിൽ നിന്ന് പോലീസ് വിഷം കണ്ടെത്തി. കുടുംബത്തോടെ ആത്മഹത്യ ചെയ്യാൻ വേണ്ടി വാങ്ങിസൂക്ഷിച്ചതാണ് വിഷമെന്നാണ് ഒന്നാം പ്രതി അഖിൽ പോലീസിന് മൊഴി നൽകിയത്. എന്നാൽ, ഇത് രാഖിക്ക് നൽകാൻ വേണ്ടി വാങ്ങിയിരുന്നതാകാമെന്നാണ് പോലീസിന്‍റെ സംശയം.
അഖിലിന്‍റെയും രാഹുലിന്‍റെയും വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കുപ്പി ഫ്യുരിഡാന്‍ കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി അഖിൽ പൊലീസിനോട് പറഞ്ഞു. ഇന്നലെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അഖിൽ ഇക്കാര്യം പറഞ്ഞത്. തുടർന്നാണ് പോലീസ് പരിശോധന നടത്തിയതും വിഷം കണ്ടെത്തിയതും.
രാഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അഖിൽ വീണ്ടും നാട്ടിലെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഈ മാസം 20ന് വന്ന ശേഷം 22നാണ് തിരിച്ചു പോയത്. ഒളിവിൽ പോകുന്നതിന് മുന്പ് അച്ഛനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞെന്നും അഖിൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

