വാഹന രജിസ്‌ട്രേഷൻ‍ ഫീസുകൾ‍ കുത്തനെ വർ‍ദ്ധിപ്പിക്കാൻ‍ കേന്ദ്ര നീക്കം


ന്യൂഡൽഹി: രാജ്യത്തെ വാഹന രജിസ്‌ട്രേഷൻ ഫീസുകൾ‍ കുത്തനെ വർ‍ദ്ധിപ്പിക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നീക്കമെന്ന് റിപ്പോർ‍ട്ട്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയെന്നാണ് റിപ്പോർ‍ട്ടുകൾ‍. 

പുതിയ പെട്രോൾ‍, ഡീസൽ‍ കാറുകൾ‍ രജിസ്റ്റർ‍ ചെയ്യാനുള്ള ചാർ‍ജ് 5,000 രൂപയും രജിസ്‌ട്രേഷൻ‍ പുതുക്കുന്നതിന് 10,000 രൂപയും ആക്കാനാണ് നീക്കം. നിലവിൽ‍ 600 രൂപയാണ് ഇതിനുള്ള ഫീസ്. പുതിയ ഇരുചക്രവാഹനങ്ങൾ‍ രജിസ്റ്റർ‍ ചെയ്യാൻ 1000 രൂപയാക്കാനും പഴയത് പുതുക്കാൻ 2000 രൂപയാക്കാനും കരട് വിജ്ഞാപനത്തിൽ‍ നിർ‍ദ്ദേശമുണ്ട്. നിലവിൽ‍ 50 രൂപയാണ് ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ചാർ‍ജ്. 

പെട്രോൾ‍, ഡീസൽ‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ‍ക്ക് കൂടുതൽ‍ പ്രധാന്യം നൽ‍കുന്നതിനുമാണ് സർ‍ക്കാരിന്‍റെ ഈ നടപടിയെന്നാണ് സൂചനകൾ‍. 

കാർ‍, ഇരുചക്ര വാഹനങ്ങൾ‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷൻ‍ ഫീസുകൾ‍ ഉയർ‍ത്താനും നിർ‍ദ്ദേശമുണ്ട്. ടാക്‌സി വാഹനങ്ങൾ‍ക്ക് രജിസ്‌ട്രേഷൻ ഫീസ് 10,000 രൂപയും പുതുക്കാൻ 20,000 രൂപയും ഇനി നൽ‍കേണ്ടി വരും. നിലവിൽ‍ ടാക്‌സി വാഹനങ്ങൾ‍ക്ക് 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന മോട്ടോർ‍ സൈക്കിളുകൾ‍ രജിസ്റ്റർ‍ ചെയ്യാനുള്ള ഫീസ് 2500ൽ‍ നിന്ന് 20,000 രൂപയായി ഉയർ‍ത്താനും ശുപാർ‍ശയുണ്ട്. 

ഒപ്പം പഴയ വാഹനങ്ങൾ‍ പൊളിച്ച സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ലെന്ന ശുപാർ‍ശയും ഗതാഗത മന്ത്രാലയത്തിന്‍റെ ഈ കരട് വിജ്ഞാനപനത്തിലുണ്ടെന്നാണ് റിപ്പോർ‍ട്ടുകൾ‍.  കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40−45 ദിവസങ്ങൾ‍ക്കുള്ളിൽ‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്താനാണ് നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed