തമിഴ് ബിഗ്‌ബോസ് വീണ്ടും വിവാദത്തിൽ; നടൻ ചേരനെതിരെ നടി
ചെന്നൈ: തമിഴ് ബിഗ് ബോസ് തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന ആരോപണങ്ങൾ കെട്ടടങ്ങും മുന്പേ പുതിയ ആരോപണമുയർന്നുവന്നിരിക്കുകയാണ്.
നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി നടി മീര മിഥുനാണ് രംഗത്ത് വന്നിരിക്കുന്നത്. ഷോയിൽ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരൻ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരൻ അനുവാദമില്ലാതെ തന്റെ അരയിൽ ചുറ്റിപ്പിടിച്ചുവെന്നാണ് മീരയുടെ ആരോപണം.
അതേസമയം ബിഗ് ബോസിലെ ചില മത്സരാർത്ഥികൾ ചേരനെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. ചേരൻ മോശക്കാരനായ വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെൺകുട്ടികളുടെ പിതാവാണെന്നും അവർ പറഞ്ഞു. ചേരൻ സ്ത്രീകളോട് മോശമായി പെരുമാറില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവർ പറഞ്ഞു.
സംഭവം വാക്ക് തർക്കമായതോടെ ചേരൻ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താൻ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരിൽ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

