ധനുഷിനൊപ്പം ഐശ്വര്യ
ചെന്നൈ: മലയാള സിനിമയുടെ ഭാഗ്യനായികയായ ഐശ്വര്യലക്ഷ്മി ഇനി ധനുഷിന്റെ നായിക. മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിലൂടെ തന്റേതായ ഇടംനേടിയ താരം രജനീകാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രത്തിൽ ആണ് നായികയായെത്തുന്നത്. പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ സിനിമയുടെ ചിത്രീകരണം ആഗസ‌്തിൽ ലണ്ടനിൽ ആരംഭിക്കും.
ആഷിക് അബു ചിത്രം മായാനദിയിലെ അപർണയിലൂടെയാണ് ഐശ്വര്യ മലയാളിയുടെ ഹൃദയം കവർന്നത്. നേരത്തെ സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാൽ ചിത്രത്തിലൂടെ തമന്നയ്ക്കൊപ്പം നായികയായി എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേയിലാണ് താരം ഇപ്പോഴുള്ളത്. ഫുട്ബോൾ ആരാധകരുടെ കഥ പറഞ്ഞ കാളിദാസ് ജയറാം ചിത്രം അർജന്റീന ഫാൻസ് കാട്ടൂർകടവാണ് ഐശ്വര്യയുടെ, ഒടുവിൽ തീയറ്ററിലെത്തിയ ചിത്രം.
പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് എത്തിയ താരം സിനിമയിലെത്തും മുന്പ‌് നിരവധി മാസികകളുടെ കവർ ചിത്രമായിട്ടുണ്ട്. അമൽ നീരദ് ഫഹദ് ഫാസിലിനൊപ്പം വീണ്ടും ഒന്നിച്ച വരത്തൻ, 2019ലെ ആദ്യ ഹിറ്റ് ചിത്രം വിജയ് സൂപ്പറും പൗർണമിയും എന്നിവയിലും ഐശ്വര്യയായിരുന്നു നായിക.

