വാഹനാപകടത്തിൽ ബാലതാരം മരിച്ചു
ന്യൂഡൽഹി: ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയനായ ബാലതാരം ശിവലേഖ് സിംഗ് (14) വാഹനാപകടത്തിൽ മരിച്ചു. ഛത്തീസ്ഗഡിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ശിവലേഖിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബിലാസ്പുരിൽ നിന്ന് റായ്പുരിലേക്ക് വരുന്പോഴായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം മൂന്നിന് ഛത്തീസ്ഗഡിലെ റായ്പുരിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മ ലേഖ്‌നയ്ക്കും അച്ഛൻ ശിവേന്ദ്ര സിംഗിനും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റു. ലേഖ്‌നയുടെ നില ഗുരുതരമാണ്.
പ്രമുഖ സീരിയൽ സങ്കട്‌മോചൻ ഹനുമാൻ ഉൾപ്പടെ നിരവധി സീരിയലുകളിൽ ശിവലേഖ് അഭിനയിച്ചിട്ടുണ്ട്.

