തന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്താവന വ്യാജം
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാപകമായി പ്രചരിക്കുന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്താവന വ്യാജമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. തനിക്കെതിരെ നടക്കുന്ന ഇത്തരം കരുനീക്കങ്ങള്‍ സിനിമാവ്യവസായത്തിനുള്ളില്‍ നിന്ന് തന്നെയാണെന്നും മകള്‍ അഹാനയുടെ സിനിമകള്‍ റിലീസാകുന്നതിന് മുന്നോടിയായി കരുതിക്കൂട്ടിചെയ്തതു പോലെ തോന്നുന്നുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളില്‍ ചിലര്‍ ഫോര്‍വേര്‍ഡ് ചെയ്താണ് മെസേജ് ശ്രദ്ധയില്‍ പെട്ടതെന്നും അപകടം മനസിലായതിനു ശേഷം സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പോസ്റ്റില്‍ മതപരവും രാഷ്ട്രീയപരവുമായ ആംഗിളുകളുണ്ട്. പ്രസ്താവനയില്‍ മത, രാഷ്ട്രീയ ആംഗിളുകള്‍ കൊണ്ടുവരാന്‍ ചില വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്, എന്നാല്‍ അത്ര വ്യക്തമായൊരു പ്രസ്താവനയുമല്ല. പലരോടും ചോദിച്ചാണ് എന്താണ് ഇതില്‍ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ഒക്കെ പേരില്‍ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാല്‍ അത് വ്യാജമാണോ യഥാര്‍ത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാല്‍ എന്നെപ്പോലെയുള്ള നടീനടന്‍മാരുടെ അവസ്ഥ അതല്ല. ആളുകള്‍ ചിലപ്പോള്‍ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസ്സിലാകില്ല’- കൃഷ്ണകുമാര്‍ പറഞ്ഞു.

