മദ്യ വിതരണ നിയന്ത്രണം കടുപ്പിച്ച് വിജയ് സർക്കാർ; കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി ഉയർത്തി
ശാരിക l ദേശീയം
ചെന്നൈ: തമിഴ്നാട്ടിൽ മദ്യ വിതരണത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിജയ് സർക്കാർ ഉത്തരവിട്ടു. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ടാസ്മാക് (TASMAC) മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെ, മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സായി നിജപ്പെടുത്തി. പൊതുജനക്ഷേമം മുൻനിർത്തിയും മദ്യലഭ്യത കുറയ്ക്കുന്നതിനുമായാണ് ഈ സുപ്രധാന നയപരമായ ഇടപെടൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നിയന്ത്രണങ്ങൾ. ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ എത്തുന്നവരുടെ പ്രായം ജീവനക്കാർ കർശനമായി പരിശോധിക്കണമെന്നും 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. പ്രായം സംബന്ധിച്ച് സംശയമുള്ള പക്ഷം ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്.
മദ്യശാലകളുടെ പ്രവർത്തന സമയം കുറയ്ക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്. ഇത് രാത്രി 8 മണി വരെയായി പരിമിതപ്പെടുത്താനാണ് നീക്കം.
സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവിൽപ്പനയിലൂടെ 2025-ൽ മാത്രം 48,344 കോടി രൂപയാണ് സമാഹരിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന 4,765 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടുത്തും, 255 എണ്ണം ബസ് സ്റ്റേഷനുകൾക്ക് സമീപവുമാണ്. ഇവ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടുന്നതോടെ സംസ്ഥാനത്തെ ടാസ്മാക് ഷോപ്പുകളുടെ എണ്ണം 4,048 ആയി കുറയും.
്ിേ്ി

