നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ 17കാരൻ ആത്മഹത്യ ചെയ്തു
ശാരിക l ദേശീയം
പനാജി: നീറ്റ് യുജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയതിന് പിന്നാലെ ഗോവയിൽ 17 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് സംഭവം നടന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ഈ വിദ്യാർത്ഥി എഴുതിയിരുന്നു. എന്നാൽ ആത്മഹത്യയുടെ യഥാർത്ഥ കാരണം ഇതാണോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്ചയാണ് പരീക്ഷ റദ്ദാക്കിയത്. ഇത്തവണ രാജ്യത്തൊട്ടാകെ 22.05 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാ സമ്മർദ്ദത്തിലായിരുന്ന വിദ്യാർത്ഥി രാത്രി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് അകത്തുകയറി കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാത്രി 11.15ഓടെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മത്സരപരീക്ഷകളെത്തുടർന്ന് താൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി വിദ്യാർത്ഥി കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ോേ്ോേ്

