കമലേശ്വരത്തെ കണ്‍വെൻഷൻ സെന്റർ കരാറിൽ അഴിമതി ആരോപണം; മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം
ശാരിക l കേരളം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള കമലേശ്വരത്തെ കൺവെൻഷൻ സെന്ററിന്റെ കരാർ മുൻ മേയർ ആര്യ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നൽകിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ മേയർ വി.വി. രാജേഷ് ഉത്തരവിട്ടു. അന്വേഷണ ചുമതല കോർപ്പറേഷൻ സെക്രട്ടറി ബിനിക്കാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. അന്വേഷണ റിപ്പോർട്ട് അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കും.
ഭരണപക്ഷത്തെ വി.ജി. ഗിരിക്കുമാറാണ് കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ധനകാര്യ സ്ഥിരം സമിതിയെ മറികടന്ന് എൻജിനീയറിങ് വിഭാഗം വഴി കരാർ നൽകിയതിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഭരണസമിതി നടത്തിയ അഴിമതിയുടെ ഒരു വശം മാത്രമാണിതെന്നും ഇതുമായി ബന്ധപ്പെട്ട പേപ്പർ ഫയലുകൾ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർ കണ്ട് തീരുമാനമെടുത്തപ്പോൾ സെക്രട്ടറി അത് കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോർപ്പറേഷന്റെ ആസ്തികൾ ലേലം ചെയ്യുന്നതും കരാറുകൾ നൽകുന്നതും ധനകാര്യ സ്ഥിരം സമിതിയുടെ ചുമതലയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സമിതിയിൽ ബിജെപി അംഗങ്ങൾക്കായിരുന്നു ഭൂരിപക്ഷം. ഇത് മറികടക്കാനാണ് എൻജിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് ആര്യ രാജേന്ദ്രൻ വളഞ്ഞ വഴിയിലൂടെ തീരുമാനം നടപ്പിലാക്കിയതെന്നും ഗിരിക്കുമാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് മേയർ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം കോർപ്പറേഷന്റെ ആസ്തികൾ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് കെ.എസ്. ശബരീനാഥ് യോഗത്തിൽ ആവശ്യപ്പെട്ടു. കോർപ്പറേഷനിലെ ജീവനക്കാരുടെ എണ്ണം, സ്ഥിരം ജീവനക്കാർ, കരാർ ജീവനക്കാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കണമെന്നും ഇതിലൂടെ അനധികൃത നിയമനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
efrsfsf

