11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമം; കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ


ശാരിക l ദേശീയം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ചേർന്നാണ് വാർത്താസമ്മേളനത്തിൽ ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് വിരാമമായത്.

മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ച് കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്. എംഎൽഎമാർ, എംപിമാർ, മുൻ കെപിസിസി അധ്യക്ഷന്മാർ, ഘടകകക്ഷി നേതാക്കൾ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് നേരിട്ട് ആരാഞ്ഞിരുന്നു. വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെയും വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് ചർച്ചകൾ പൂർത്തിയാക്കിയത്.

ഭൂരിപക്ഷം ജനപ്രതിനിധികളുടെയും നേതാക്കളുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന സൂചനകൾ നിലനിന്നിരുന്നെങ്കിലും, ഒടുവിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ ചേർന്ന് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളോ വൈകാരിക പ്രകടനങ്ങളോ അടിസ്ഥാനമാക്കിയല്ല തീരുമാനമെന്നും, എല്ലാവരും ഐക്യത്തോടെ ഈ പ്രഖ്യാപനത്തെ സ്വീകരിക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.

article-image

്േിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed