തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരേ പരാതി ലഭിച്ചാൽ കർശന നടപടി
ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരേ പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇതിനായി രൂപം നൽകിയ പോർട്ടലിൽ 6,710 പരാതികൾ സമാന വിഷയത്തിൽ ലഭിച്ചിട്ടുണ്ടെന്നു മന്ത്രി പ്രകാശ് ജാവദേക്കർ ഇന്നലെ ലോക്സഭയിൽ പറഞ്ഞു. വെളുക്കാനുള്ള മുഖലേപനം, വിവിധ ക്രീമുകൾ, ഒരു മാസം വരെ പച്ചക്കറികൾ കേട് കൂടാതെ ഇരിക്കുന്ന ഫ്രിഡ്ജ് തുടങ്ങി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിവിധ മാധ്യമങ്ങളിൽ വരുന്നതെന്നും ഇവയ്ക്കതിരേ എന്തു നടപടി സർക്കാർ എടുത്തു എന്നുമുള്ള ബിജെപി എംപി കിരിത് സോളങ്കിയുടെ ചോദ്യത്തിന് മറുപടി ആയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇത്തരം പരാതികൾക്കായി ഉപഭോക്തൃ വകുപ്പ് രൂപീകരിച്ച പോർട്ടലിൽ എഡിബിൾ ഓയിൽ, വേഗമേറിയ നെറ്റ്‌വർക്ക്, നൂഡിൽസ് തുടങ്ങി വിവിധ പരസ്യങ്ങൾക്കെതിരേ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം പരസ്യങ്ങളിൽ അഭിനയിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കെതിരേ നടപടിയെടുക്കണമെന്ന എംപിയുടെ നിർദേശം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

