ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം സംഘടിപ്പിച്ചു. ആറ് മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ബഹ്‌റൈനിലെ 11 സ്കൂളുകളിൽ നിന്നുള്ള 370 പ്രതിനിധികൾ എട്ടാമത് മാതൃകാ യു.എൻ സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ വിദ്യാർഥികൾ പ്രസക്തമായ ലോകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ അറോറയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിനിധികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തി. ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ ഭാഷാ നൈപുണ്യം, എഴുത്ത്, ഗവേഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനു ഇന്ത്യൻ സ്‌കൂൾ മാതൃകാ യു.എൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു. സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ സമ്മാനിച്ചു.
tfufu