ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരം: സന്ദർശകരെ സ്വീകരിക്കാൻ തയ്യാറായി ബി.എ.സി

ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിനെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ബഹ്റൈൻ ഇന്റർനാഷനൽ എയർ പോർട്ടിന്റെ നടത്തിപ്പുകാരായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി).
അഞ്ചാം തവണയാണ് ഫോർമുല വൺ സീസണിന്റെ ആദ്യ റേസ് ബഹ്റൈനിൽ വെച്ച് നടക്കുന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ആഗോള കായികമേളയിൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ പ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷ. റേസിൽ പങ്കെടുക്കുന്ന ടീമുകളെ സ്വീകരിക്കുന്നതിനും മാർച്ച് 3-5 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്ക്യൂട്ടിൽ നടക്കുന്ന മത്സരത്തിനായി ടീമുകൾ അയച്ച നൂറുകണക്കിന് ഉപകരണങ്ങളും മറ്റ് സാമഗ്രികളും കൈകാര്യം ചെയ്യുന്നതിനും വേണ്ടി വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനാലിറ്റി, പാസ് പോർട്ട് ആൻഡ് റസിഡൻസ് അ ഫയേഴ്സ്, കസ്റ്റംസ് അഫയേഴ്സ് ആൻഡ് എയർപോർട്ട് പൊലീസ് ഗൾഫ് എയർ, മറ്റ് എയർലൈനുകൾ, ഫല ബഹ്റൈൻ, ബഹ്റൈൻ എയർപോർട്ട് സർവിസസ് എന്നിവയുടെ പ്രതിനിധികളും ബി.എ.സിയും തമ്മിൽ നടന്ന യോഗത്തിൽ എല്ലാ തയാറെടുപ്പുകളും അവലോകനം ചെയ്തു.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ബി.എ.സി ചീഫ് എയർപോർട്ട് ഓപറേഷൻസ് ഓഫിസർ അലി റാഷിദ് പറഞ്ഞു. ആഗോളതലത്തിൽ മോട്ടോർസ്പോർട്ടിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും കഴിഞ്ഞ വർഷത്തെ മത്സരത്തിലെ ജനപങ്കാളിത്തവും ഈ വർഷം കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനുള്ള കാരണങ്ങളാണ്. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ് പ്രി ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമാണ് കാഴ്ചക്കാരായി എത്തിയത്.
gvbcbfghbfgb