ബഹ്റൈനിൽ കഴിഞ്ഞ വർഷം വാറ്റ് നികുതി വെട്ടിക്കാൻ ശ്രമിച്ച് നിരവധി പേർ പിടിയിലായി


ബഹ്റൈനിൽ നടപ്പിലാക്കിയ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമലംഘനങ്ങളാണെന്നാണ് നാഷണൽ ബ്യൂറോ ഓഫ് റെവന്യൂ അധികൃതർ വ്യക്തമാക്കിയത്. വാറ്റ് ആൻഡ് എക്സൈസ് നിയമമനുസരിച്ച് നിയമലംഘനങ്ങളിൽ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ നിരവധി സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് 3000ലധികം പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ബോധ്യമായ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

വാറ്റ് നിയമലംഘനത്തിന് അഞ്ചുവർഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ നൽകുന്നത്. എക്സൈസ് നിയമലംഘനം നടത്തിയാൽ തീരുവ വെട്ടിച്ച തുകയുടെ ഇരട്ടിയും ഒരുവർഷം തടവുമാണ് ശിക്ഷ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് തുടർച്ചയായി പരിശോധനകൾ നടത്തിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതി നൽകുന്നതിനും 80008001 എന്ന എൻ.ബി.ആർ കാൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. 2022ൽ ഉത്പന്നങ്ങളുടെ വിലയിൽ നടക്കുന്ന തട്ടിപ്പ് കണ്ടെത്താനായി 5891 പരിശോധനകൾ നടത്തിയതായി വ്യവസായ വാണിജ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 27 കടകളാണ് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി അടപ്പിച്ചത്.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed