നിക്ഷേപ സാധ്യതകൾ തേടി ബഹ്റൈനിലെ ഇന്ത്യയിലെയും ഐ.ടി കമ്പനികളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ നിക്ഷേപ സാധ്യതകൾ തേടി ബഹ്റൈനിലെ ഇന്ത്യയിലെയും ഐ.ടി കമ്പനികളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയും ബഹ്‌റൈൻ ടെക്‌നോളജി കമ്പനീസ് സൊസൈറ്റിയും ചേർന്ന് ഇന്ത്യൻ എംബസി, ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്‍റ് ബോർഡ് എന്നിവയുമായി സഹകരിച്ചാണ് ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം പ്രതിനിധികളുമായി ബി2ബി മീറ്റിങ്ങും നെറ്റ്‌വർക്കിങ് ഇവന്‍റും സംഘടിപ്പിച്ചത്. എച്ച്.സി.എൽ ടെക്‌നോളജീസ്, ഐ.ടി.സി ഇൻഫോടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാസ്‌ടെക് ലിമിറ്റഡ്, നഗരോ സോഫ്റ്റ്‌വെയർ, ആഡ്‌ടെക് സോഫ്‌റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
ബഹ്‌റൈൻ മുൻ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്‍റുമായ അബ്ദുൽനബി അൽഷോല, ഇ.ഡി.ബി ഇൻവെസ്റ്റ്‌മെന്‍റ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുസാബ് അബ്ദുല്ല, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്‌മാൻ ജുമ, ബഹ്‌റൈൻ ടെക്‌നോളജി കമ്പനീസ് സൊസൈറ്റി ട്രഷറർ റാഷിദ് അൽ സ്‌നാൻ, എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, നാസ്‌കോം പ്രതിനിധി സംഘം നേതാവ് മായങ്ക് ഗൗതം, ബിടെക് ബോർഡ് അംഗം എസ്.എം. ഹുസൈനി, തുടങ്ങിയവർ പങ്കെടുത്തു.