ലൈറ്റ്-1 സാറ്റലൈറ്റ് വിജയകരമായി വിക്ഷേപ്പിച്ചു


മനാമ

യുഎഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപ്പിച്ചു. ഇന്നലെ ബഹ്റൈൻ സമയം ഉച്ചക്ക് ഒരുമണിക്ക് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽനിന്നാണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിച്ചത്. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തെ അടുത്തഘട്ടത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ജപ്പാന്റെ പേടകത്തിൽനിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഉയർത്തും. അടുത്തവർഷം ആദ്യ പാദത്തിലായിരിക്കും ഇത് നിർവഹിക്കുക. ഇടിമിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.

ബഹിരാകാശ ഗവേഷണ രംഗത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ബഹ്റൈനെ പ്രതിഷ്ഠിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് നാഷനൽ സ്പേസ് സയൻസ് ചീഫ് എക്സി. ഓഫിസർ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീറി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപഗ്രഹത്തിന് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇയിലെ ലാബുകളിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ, ഇമാറാത്തി എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് പേടകം വികസിപ്പിച്ചത്. ഖലീഫ യൂനിവേഴ്സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പതു ബഹ്റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.

You might also like

Most Viewed