ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അന്താരാഷ്ട്ര ബാഡ്മിൻറൺ ടൂർണമെൻറ്

മനാമ
ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബഹ്റൈൻ ഇൻറർനാഷനൽ സീരീസ് ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ 17 മുതൽ 21 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് ടൂർണമെൻറ് നടക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 200ൽ അധികം അന്താരാഷ്ട്ര താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കും. പുരുഷ, വനിതാ സിംഗ്ൾസ്, ഡബ്ൾസ് വിഭാഗങ്ങളിലും മിക്സഡ് ഡബ്ൾസ് വിഭാഗത്തിലും മത്സരം അരങ്ങേറും. ഇന്ത്യൻ ക്ലബിലെ രണ്ട് കോർട്ടുകളിൽ എല്ലാദിവസവും രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരം രാത്രി 10 മണിവരെ നീണ്ടുനിൽക്കും. നവംബർ 21നാണ് ഗ്രാൻഡ് ഫൈനൽ. ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ആക്ടിങ് പ്രസിഡൻറ് സാനി പോൾ, സെക്രട്ടറി സതീഷ് ഗോപിനാഥ്, ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിഷാം അൽ അബ്ബാസി, ബാഡ്മിൻറൺ ഡെവലപ്മെൻറ് മാനേജർ ജാഫർ ഇബ്രാഹിം, മുൻ പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ടൂർണമെൻറ് ഡയറക്ടർ സുനീഷ് കല്ലിങ്കൽ, ബാഡ്മിൻറൺ സെക്രട്ടറി ജുനിത്, ചീഫ് കോഓർഡിനേറ്റർ അരുണാചലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.