അനധികൃത തൊഴിലാളികൾക്കെതിരെ പരിശോധന ശക്തമാക്കി എൽ എം ആർ എ


മനാമ

രാജ്യത്ത് അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനകൾ  ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത നിരവധി തൊഴിലാളികളെയാണ് പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാടുകടത്താനാണ് തീരുമാനം. നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻറ്സ് അഫയേഴ്സുമായി ചേർന്നാണ് എൽ.എം.ആർ.എ വ്യാപകമായി പരിശോധന നടത്തുന്നത്. കഴിഞ്ഞ ആഴ്ച നോർതേൺ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലും നിരവധി അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും വിവിധ ഏജൻസികളുമായി സഹകരിച്ച് പരിശോധന കർശനമാക്കുമെന്ന് എൽ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ വിപണിയുമായോ അനധികൃത തൊഴിലാളികളുമായോ ബന്ധപ്പെട്ട പരാതികൾ 17506055 എന്ന നമ്പറിൽ എൽ.എം.ആർ.എ കമ്യൂണിക്കേഷൻ സെൻററിൽ അറിയിക്കാവുന്നതാണ്. അതേസമയം ബഹ്റൈനിൽ  സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നതായി തൊഴിൽ, സാമൂഹികക്ഷേമമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 11,000 ത്തിലധികം സ്വദേശികൾ തൊഴിലിനായി സിവിൽ സർവിസ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  വർഷം തോറുമുണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലന്വേഷകരുടെ വർധന തൊഴിൽ വിപണിയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും തൊഴിൽ മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed