ഭാരതി അസോസിയേഷൻ ഗ്രാൻഡ് പൊങ്കൽ ജനുവരി 16-ന്


പ്രദീപ് പുറവങ്കര / മനാമ  

ബഹ്റൈൻ സോഷ്യൽ ഡവലപ്മെന്റ് മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന തമിഴ് അസോസിയേഷനായ ഭാരതി അസോസിയേഷൻ ഗ്രാൻഡ് പൊങ്കൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് ജനുവരി 16-ന് ഇന്ത്യൻ ക്ലബ്ബിലാണ് ആഘോഷങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തമിഴ് ജനതയുടെ പ്രധാന വിളവെടുപ്പുത്സവമായ പൊങ്കൽ, തമിഴ് കലണ്ടറിലെ തൈ മാസത്തിലെ ആദ്യ ദിനത്തിലാണ് ആഘോഷിക്കുന്നത്.

പ്രകൃതിക്കും സൂര്യനും നന്ദി അർപ്പിക്കുന്ന ഈ സാംസ്‌കാരിക ഉത്സവം രാവിലെയും വൈകീട്ടുമായി രണ്ട് സെഷനുകളായാണ് ഇന്ത്യൻ ക്ലബ്ബിൽ നടക്കുക. മൺപാത്രങ്ങളിൽ വെൺപൊങ്കൽ പാചകം ചെയ്തും കരിമ്പും മാവിലകളും പൂക്കളും കൊണ്ട് അലങ്കരിച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. രാവിലെ 7:30-ന് കോലമിടൽ മത്സരത്തോടെ തുടക്കമാകുന്ന ആഘോഷത്തിൽ ഉറിയടി, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളും ഉണ്ടാകും. വിജയികൾക്ക് നൂറുകണക്കിന് സമ്മാനങ്ങളും വിതരണം ചെയ്യും.

62 പേർ പങ്കെടുക്കുന്ന വിവിധ ഗ്രാമീണ നൃത്തങ്ങളും അറുപതിലധികം സ്ത്രീകൾ അണിനിരക്കുന്ന കുമ്മി നൃത്തവും ആഘോഷത്തിന് മാറ്റുകൂട്ടും. വൈകീട്ടത്തെ സെഷനിൽ ലൈവ് ഓർക്കസ്ട്രയും തമിഴ് സിനിമയിലെ പ്രമുഖരുടെ പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമൃദ്ധമായ പൊങ്കൽ വിരുന്നും ഒരുക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ തമിഴ് സമൂഹത്തിൽ നിന്നുള്ള നിരവധിപേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

article-image

sfsfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed