വിദേശരാജ്യത്തെ അധിക്ഷേപിച്ചു: ബഹ്റൈൻ സ്വദേശിക്ക് ആറുമാസം തടവ്
പ്രദീപ് പുറവങ്കര / മനാമ
വിദേശ രാജ്യത്തെ അധിക്ഷേപിച്ചതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ബഹ്റൈൻ സ്വദേശിക്ക് ആറുമാസം തടവും 200 ദീനാർ പിഴയും ശിക്ഷ വിധിച്ചു. നാലാം മൈനർ ക്രിമിനൽ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. ഒരു മാധ്യമ ചാനലിലൂടെ പ്രതി നടത്തിയ പ്രസ്താവനകളും രണ്ട് വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും സാങ്കേതിക തെളിവുകളും കോടതി പരിഗണിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും അത് ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദ്വേശം പടർത്താനോ ഐക്യം തകർക്കാനോ കലാപമുണ്ടാക്കാനോ വാക്കുകളെ ദുരുപയോഗം ചെയ്യരുതെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പ്രസ്താവനകൾക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട പ്രതി, ഫലസ്തീൻ വിഷയത്തിൽ അറബ് ഭരണകൂടങ്ങൾ ഗൂഢാലോചന നടത്തുകയാണെന്നും കീഴടങ്ങൽ നയമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് ജനങ്ങൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
രാജ്യസുരക്ഷയെയും പൊതുക്രമിത്തെയും ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതും വിദേശ രാജ്യങ്ങളെ അധിക്ഷേപിച്ചതും കുറ്റകരമാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
xasdasd

