സൗദി-ബഹ്‌റൈൻ ബന്ധം ചരിത്രപരം; പുതിയ ഉയരങ്ങളിലെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ്
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള സുദൃഢവും ചരിത്രപരവുമായ ബന്ധത്തെ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രകീർത്തിച്ചു. ബഹ്‌റൈനിലെ സൗദി അംബാസഡർ എച്ച്.ഇ. നായിഫ് ബിൻ ബന്ദർ അൽ സുദൈരിയെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെയും നേതൃത്വത്തിന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളുടെയും പൊതുവായ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും തന്ത്രപരമായ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകുന്ന മികച്ച സംഭാവനകളെ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രശംസിച്ചു. വെറും അയൽരാജ്യങ്ങൾ എന്നതിലുപരി, സമാനമായ വികസന ലക്ഷ്യങ്ങളുള്ള പങ്കാളികൾ എന്ന നിലയിലുള്ള ബഹ്‌റൈൻ - സൗദി ബന്ധത്തിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
പ്രാദേശിക സുരക്ഷ, ആഗോളതലത്തിലെ പുതിയ സംഭവവികാസങ്ങൾ, വികസന മുൻഗണനകൾ എന്നിവ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്റർ എച്ച്.എച്ച്. ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
gdgd

