നിയമവിരുദ്ധ കാറോട്ട മത്സരം: രണ്ട് പേർക്ക് തടവും 1,000 ദീനാർ പിഴയും
പ്രദീപ് പുറവങ്കര / മനാമ
സല്ലാഖിലെ ബഹ്‌റൈൻ ബേ റോഡിൽ നിയമവിരുദ്ധമായി കാറോട്ട മത്സരം നടത്തിയ രണ്ട് യുവാക്കൾക്ക് മൈനർ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് ഒരു മാസത്തെ തടവും രണ്ടാം പ്രതിക്ക് ആറ് മാസത്തെ തടവുമാണ് ശിക്ഷ. കൂടാതെ, ഇരുവർക്കും 1,000 ബഹ്‌റൈൻ ദീനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
അനുമതിയില്ലാതെ റേസിങ് നടത്തുക, അമിതവേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. മത്സരത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (GDT) നൽകിയ വിവരമനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം കേസ് കോടതിക്ക് കൈമാറുകയായിരുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ssdfdsf

