ലോക്ഡൗണിൽ ദുരിതത്തിലായവർക്ക് കരുതൽസ്പർശവുമായി കെ.എം.സി.സി ബഹ്‌റൈൻ
മനാമ; കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ ഏർപ്പെടുത്തിയ ഭാഗിക ലോക്ഡൗണിൽ ദുരിതത്തിലായവർക്ക് കരുതൽസ്പർശവുമായി കെ.എം.സി.സി ബഹ്‌റൈൻ രംഗത്ത് വന്നു. വരുമാനം നിലച്ചവർക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവർക്കുമാണ് 200ഓളം ഭക്ഷ്യക്കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കാരുണ്യസ്പർശം പദ്ധതിയിലൂടെയുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ, വളൻറിയർ ക്യാപ്റ്റൻ സിദ്ദീഖ് കണ്ണൂരിന് നൽകി നിർവഹിച്ചു. കെ.എം.സി.സിയുടെ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ മുഖേനയാണ് ഭക്ഷ്യക്കിറ്റുകൾ സമാഹരിക്കുന്നത്.ഇവ വളൻറിയർമാർ മുഖേന ബഹ്‌റൈനിലെ വിവിധയിടങ്ങളിൽ പ്രയാസപ്പെടുന്നവരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. കെ.എം.സി.സിയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായങ്ങളും സഹകരണവും നൽകുന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായി കെ.എം.സിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
