ബിജെപി ധർണയിൽ ഇന്ധനവില കുറയ്ക്കണമെന്ന ഡിവൈഎഫ്ഐ പ്ലക്കാർഡും


തിരുവനന്തപുരം: ബിജെപിയുടെ വനം കൊള്ളയ്‌ക്കെതിരായ സമരത്തിൽ പെട്രോൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡും. ബിജെപി പ്രവർത്തകയ്ക്ക് പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് ബിജെപിയെ തിരിഞ്ഞുകൊത്തിയത്. വനം കൊള്ളയ്‌ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ആറ്റിങ്ങലും ധർണ നടന്നത്. പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. വനംകൊള്ളയ്‌ക്കെതിരേയുളള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിന്‍റെ പ്ലക്കാര്‍ഡാണ് വനിതാപ്രവര്‍ത്തകരിലൊരാള്‍ കൈയിൽ പിടിച്ചത്. 'പെട്രോള്‍ വില സെഞ്ചുറി അടിച്ചു പ്രതിഷേധിക്കുക' എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്. തലേദിവസം ഇന്ധനവിലയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതിന്‍റെ പ്ലക്കാര്‍ഡ് മതിലില്‍ ചാരിവച്ചിരുന്നു. സമരത്തിനെത്തിയ ബിജെപി പ്രവര്‍ത്തക പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്.

You might also like

  • Straight Forward

Most Viewed