ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധനവ്

മനാമ: ബഹ്റൈനിൽ ഇന്നലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധനവ്. ഇതു വരെ രേഖപ്പെടുത്തിയതിൽ ഏറ്റവുമധികം പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇന്നലെ 624 വിദേശികൾ ഉൾപ്പടെ 1760 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധിച്ച് നാല് മരണവും ബഹ്റൈനിൽ രേഖപ്പെടുത്തി. 75 വയസ് പ്രായമുള്ള സ്വദേശി സ്ത്രീ, 43 വയസ് പ്രായമുള്ള വിദേശിി സ്ത്രീ, 44 വയസ് പ്രായമുള്ള വിദേശി പുരുഷൻ, 81 വയസ് പ്രായമുള്ള സ്വദേശി പുരുഷൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ബഹ്റൈൻ സമയം ഒരു മണി വരെയുള്ള വിവരപ്രകാരം56 വയസ് പ്രായമുള്ള സ്വദേശി സ്ത്രീയുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 675 ആയി.
നിലവിൽ 12692 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 118 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ 1030 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,73,036 ആയി. നിലവിൽ 7,80,894 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 5,66,168 പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 8689 പേരാണ് വാക്സിൻ സ്വീകരിച്ചത്.
അതേസമയം കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമത്തെ ബൂസ്റ്റർ വാക്സിനും ബഹ്റൈൻ നൽകുമെന്ന് ദേശീയ പ്രതിരോധസമിതി അംഗങ്ങൾ അറിയിച്ചു. രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചതിന് ശേഷം ആറ് മാസം മുതൽ പന്ത്രണ്ട് മാസത്തിനുള്ളിലാണ് ഇത് സ്വീകരിക്കേണ്ടത്. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, തടി കൂടിയവർക്കും രോഗപ്രതിരോധശേഷി കുറവുള്ളവർക്കുമാണ് മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ആദ്യം നൽകുക. ബി അവേർ ആപ്ലിക്കേഷിലൂടെയാണ് ഇതിനായുള്ള റെജിസ്ട്രേഷൻ നടക്കുക. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത് നൽകുന്നത്. ഇതുവരെയായി ജനസംഖ്യയുടെ 44 ശതമാനം പേർക്കാണ് രാജ്യത്ത് രണ്ട് ഡോസും നൽകിയിട്ടുള്ളത്.