ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്സിനെടുത്താല്‍ ബഹ്റൈനില്‍ പിസിആര്‍ പരിശോധന വേണ്ട


മനാമ: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ ബഹ്റൈനില്‍ പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പരിശോധനയില്‍ ഇളവ് ലഭിക്കും. ചെറിയ പെരുന്നാള്‍ ദിനം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‍ക് ഫോഴ്‍സ് അറിയിച്ചു. അതത് രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളിലെ ഗ്രീന്‍ സ്റ്റാറ്റസോ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ, രോഗമുക്തി നേടിയതിനുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്കാണ് പി.സി.ആര്‍ പരിശോധനയില്‍ ഇളവ് ലഭിക്കുക. ആറിനും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ബഹ്റൈന്‍ അംഗീകാരം നല്‍കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ബഹ്റൈനില്‍ പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. ഇവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിമാനത്താവളത്തില്‍ വെച്ച് പരിശോധിച്ച് അനുമതി നല്‍കിക്കൊണ്ടുള്ള കാര്‍ഡ് നല്‍കും.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. ഇതില്‍ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കുകയും വേണം. ആറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണ്. ബഹ്റൈനില്‍ എത്തിയ ഉടനെയും അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.

You might also like

Most Viewed