പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
പ്രദീപ് പുറവങ്കര / മനാമ
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ നിൽക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം മനാമയിൽ നടന്നു. ജനുവരി 15, 16 തീയതികളിൽ അരങ്ങേറുന്ന മേളയുടെ ടിക്കറ്റുകൾ സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ റിസ്‌വാൻ താരിഖിൽ നിന്നും സംഘാടക സമിതി ജനറൽ കൺവീനർ ആർ. രമേശ് ഏറ്റുവാങ്ങി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി തുടങ്ങി സ്കൂൾ ഭരണസമിതി അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. രണ്ട് ദിനാറാണ് മേളയുടെ പ്രവേശന നിരക്ക്.
മേളയുടെ ആദ്യ ദിനമായ ജനുവരി 15-ന് ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. രണ്ടാം ദിനമായ ജനുവരി 16-ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പുറമെ പിന്നണി ഗായകരായ രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. വൈകുന്നേരം 6 മണി മുതൽ രാത്രി 10:30 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങളും ബഹ്‌റൈനിലെ പ്രാദേശിക രുചികളും മേളയുടെ പ്രധാന ആകർഷണമായിരിക്കും.
മേളയോടനുബന്ധിച്ചുള്ള റാഫിൾ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് എം.ജി കാർ സമ്മാനമായി ലഭിക്കും. സയാനി മോട്ടോഴ്‌സ് ആണ് ഈ സമ്മാനം സ്പോൺസർ ചെയ്യുന്നത്. ജനുവരി 18-ന് മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടക്കും. പരിപാടിയിൽ നിന്നുള്ള വരുമാനം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും അർഹരായ വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിനും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിനിയോഗിക്കും. ആർ. രമേശിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയും രക്ഷിതാക്കളും സ്കൂൾ അധികൃതരും മേളയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.
sdgsg
