കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കേറ്റ് ; യാത്രക്കാർക്ക് ബുദ്ധിമുട്ടേറുന്നു
മനാമ: നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരുമ്പോൾ കൈവശം വെക്കേണ്ട കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് ശരിയായ വിധത്തിൽ സ്കാൻ ചെയ്യാൻ സാധിക്കാത്തത് യാത്രക്കാരിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ ഏതാനും യാത്രക്കാർക്ക് ഈ പ്രശ്നം കാരണം ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ മണിക്കൂറുകൾ ഇവിടെ കഴിയേണ്ടി വന്നു. ബഹ്റൈൻ എമിഗ്രേഷനിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ നിശ്ചിത രൂപത്തിൽ സർട്ടിഫിക്കറ്റ് കാണാൻ സാധിക്കാത്താണ് പ്രശ്നമുണ്ടാക്കിയത്. ലബോറട്ടറിയിൽനിന്ന് ലഭിക്കുന്ന പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റിന്റെ രൂപത്തിൽതന്നെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുേമ്പാഴും കാണണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ, ചില യാത്രക്കാരുടെ സർട്ടിഫിക്കറ്റിലെ കോഡ് സ്കാൻ ചെയ്തപ്പോൾ ലെറ്റർഹെഡ് സർട്ടിഫിക്കറ്റിന് പകരം പേരും പരിശോധന ഫലവും മറ്റ് വിവരങ്ങളും മാത്രമാണ് ലഭിക്കുന്നത്. ഇത് അംഗീകരിക്കാത്തതാണ് യാത്രക്കാർക്ക് വിനയായത്.
അതു പോലെ തന്നെ നാട്ടിൽ നിന്നുള്ള വിമാനത്താവളങ്ങളിൽ ഐസിഎംആർ അംഗീകരിച്ച ലാബുകളിൽ നിന്നുള്ള പരിശോധന സെർട്ടിഫിക്കേറ്റ് ഉള്ളവർക്കാണ് യാത്രാനുമതി ലഭിക്കുന്നത്. അതേസമയം, വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 27 മുതൽക്കാണ് കോവിഡ് നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആറ് വയസ്സിന് മുകളിലുള്ള യാത്രക്കാർക്കാണ് സെർട്ടഫിക്കേറ്റ് ആവശ്യമായി വന്നിരിക്കുന്നത്.
