ബഹ്റൈനിൽ കോവിഡ് മരണം 648 ആയി
മനാമ: ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മരണം രേഖപ്പെടുത്തി. 77,74,68,67, 43 വയസ് പ്രായമുള്ള സ്വദേശി പുരുഷൻമാർ, 85 വയസ് പ്രായമുള്ള വിദേശി സ്ത്രീ, 52 വയസ് പ്രായമുള്ള വിദേശി പുരുഷൻ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ 451വിദേശികൾ ഉൾപ്പടെ 1182 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ബഹ്റൈൻ സമയം ഒരു മണി വരെയുള്ള വിവരപ്രകാരം ഇന്ന് രണ്ട് പേരുടെ മരണം കൂടി രേഖപ്പെടുത്തി. 59, 57 വയസ് പ്രായമുള്ള വിദേശി പുരുഷൻമാർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 648 ആയി. 10,358 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 85 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ 1024 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,65,928 ആയി. നിലവിൽ 6, 93,423 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 5,41,747 പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. ഇന്നലെ മാത്രം 11737 പേരാണ് വാക്സിൻ സ്വീകരിച്ചത്. അതേസമയം കോവിഡ് കേസുകൾ കുത്തനെ ഉയർന്ന ഇന്ത്യക്ക് ആശ്വാസമായി ബഹ്റൈൻ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ബഹ്റൈനിൽ നിന്ന് പുറപ്പെട്ടു. ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് തൽവാർ എന്നീ കപ്പലുകൾ ഇത് ശേഖരിക്കുന്നതിനായി വെള്ളിയാഴ്ചയാണ് മനാമ തുറമുഖത്തെത്തിയത്. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഒാക്സിജൻ കൊണ്ടുപോകുന്നത്.


