ഇലക്ട്രിക്ക് കാർ ചാർജ്ജിങ്ങ് സ്റ്റേഷൻ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ആദ്യത്തെ ഇലക്ട്രിക്ക് കാർ ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സാറിലെ ആട്രിയം മാളിലാണ് ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സി.ഇ.ഒ ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ആൽ ഖലീഫയും ചേർന്ന് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ രംഗത്തെ വിദഗ്ധരായ സീമെൻസ് ആണ് ചാർജിങ് സംവിധാനം ഒരുക്കിയത്. എ.സി, ഡി.സി ചാർജിങ് രീതികൾക്ക് അനുയോജ്യമായ ചാർജറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് വഴി ഇതിനായുള്ള പണമടക്കാൻ കഴിയും. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വൈദ്യുതിയുടെ അളവ് തെരഞ്ഞെടുത്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ ഇടപാട് പൂർത്തിയാകും.
ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകൾ അപ്പോഴേക്കും നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു.