നാട്ടിൽ നിന്ന് വരുന്പോൾ ജാഗ്രത പാലിക്കുക ; പരിശോധനകൾ കർശനമാകുന്നു
മനാമ:
വിമാന യാത്രക്കാർക്കിടയിൽ പരിശോധനകൾ ശക്തമാകുന്നതായി റിപ്പോർട്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ നിന്ന് വരുന്നവരുടെ കൈവശം നിരോധിക്കപ്പെട്ട സാധനങ്ങൾ കൊടുത്തുവിടുന്നതും വാർത്തകളിൽ നിറയുന്നുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈനിലേയ്ക്ക് വരാനിരുന്ന കാസർഗോഡ് സ്വദേശിയുടെ കൈയിൽ നിന്ന് ഹൽവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ബഹ്റൈനിലുള്ള കൂട്ടുകാരനു നൽകാനായി ബന്ധുക്കൾ തന്നു വിട്ടതാണെന്നും പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു.
യാത്രക്കാർ ബഹ്റൈനിലെത്തുന്പോഴും ഇപ്പോൾ കർശനമായ പരിശോധനകളാണ് നടക്കുന്നത്. പ്രത്യേകിച്ച് നിരോധിക്കപ്പെട്ട മരുന്നുകളുമായി വരുന്നത് വളരെ അധികം അപകടമാണ്. നിയന്ത്രിത വിഭാഗത്തിലുള്ള ന്യൂറോ സൈക്യാട്രിക്ക് മരുന്നുകളാണ് ഏറ്റവുമധികം പിടികൂടൂന്നത്. മരുന്നുകൾ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ ബഹ്റൈനിലുള്ളവർക്ക് നോർക്കാ ഹെൽപ്പ് ഡെസ്ക് അംഗം റഫീഖ് അബ്ദുല്ലയുമായി 3838 4504 എന്ന നന്പറിൽ വിളിച്ച് ഉപദേശം തേടാവുന്നതാണ്.

