നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധിച്ചു; ആധി വർദ്ധിച്ച് യാത്രക്കാർ

മനാമ: എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് ദിവസവും എയർ ഇന്ത്യ, ഗൾഫ് എയർ വിമാനങ്ങൾ സർവീസുകൾ ആരംഭിച്ചുവെങ്കിലും ദിനം പ്രതി ഉയരുന്ന ടിക്കറ്റ് നിരക്കുകൾ യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. വിവാദങ്ങൾക്കൊടുവിൽ ബഹ്റൈൻ കേരളീയ സമാജം വിമാന സേവനങ്ങൾ നിർത്തിയതോടെ ഗൾഫ് എയർ വിമാനങ്ങൾ ഇന്നുമുതൽ വ്യാഴാഴ്ച്ച വരെയുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നു. മണിക്കൂറുകൾക്കകം ഈ സീറ്റുകൾ ഒക്കെ ബുക്ക് ചെയ്തുവെന്നാണ് ഗൾഫ് എയർ അറിയിച്ചത്.
അതേസമയം 230 ദിനാർ വരെയാണ് ഗൾഫ് എയർ ടിക്കറ്റുകൾക്ക് ഈടാക്കിയത്. നാട്ടിൽ നിന്നാണെങ്കിൽ 45,000 രൂപ വരെയാണ് ടിക്കറ്റുകൾക്ക് വാങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ അൽപ്പം കൂടി കുറവുണ്ടെങ്കിൽ പോലും അതിൽ ഈ മാസം അവസാനംവരെയ്ക്കും ടിക്കറ്റുകൾ ലഭ്യമല്ല. ഇന്ന് പുറത്ത് വരുമെന്ന് അറിയിച്ചിട്ടുള്ള ഒക്ടോബർ മാസത്തെ എക്സ്പ്രസ് ഷെഡ്യൂളിൽ ആണ് മിക്കവരുടെയും പ്രതീക്ഷ.
ജോലിയില്ലാതെ നാട്ടിൽ നിൽക്കുന്ന, വിസാകാലാവധി കഴിയുന്നതിന് മുന്പേ ബഹ്റൈനിലേയ്ക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഇത് ഇരുട്ടടിയാണെന്നും, ഇതിന് പരിഹാരം കാണണമെന്നും സാമൂഹ്യപ്രവർത്തകരും ആവശ്യപ്പെടുന്നു. ഇന്ത്യൻ എംബസി നേരിട്ടോ, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വഴിയോ വിസാ കാലാവധി കഴിയുന്നവർക്കായി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.