കാത്തിരിപ്പിനൊടുവിൽ വിമാനമെത്തുന്പോഴും പരാതികൾ സജീവം
മനാമ: ഏറെ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് ആദ്യ വിമാനം ഇന്നെത്തുന്നു എന്ന ആശ്വാസം ഒരു ഭാഗത്ത് നിൽക്കുന്പോഴും വളരെ ചുരുങ്ങിയ സമയം മുന്പ് മാത്രം ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത് കാരണം നിരവധി പേർക്ക് ഈ വിമാനത്തിൽ തിരികെ വരാൻ സാധിച്ചില്ല എന്ന പരാതിയും ഉയരുന്നു. ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ വരാനായി ഇന്നലെ ഉച്ചയോടെയാണ് യാത്രക്കാർക്ക് എംബസിയിൽ നിന്ന് സന്ദേശം ലഭിച്ചത്. പലയിടങ്ങളിലുമായി താമസിക്കുന്നവർക്ക് ചുരുങ്ങിയ സമയം കൊണ്ട് കൊച്ചിയിലെത്താനുള്ള ബുദ്ധിമുട്ടും, ടിക്കറ്റിനായി വളരെ പെട്ടന്ന് പണം സംഘടിപ്പിക്കാൻ സാധിക്കാത്തതും നിരവധി പേരെ വെട്ടിലാക്കി. ബഹ്റൈനിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ജോലി നഷ്ടപ്പെട്ടും, വിസാകാലാവധി കഴിഞ്ഞും നാട്ടിൽ കഴിയുന്നത്. ഇവർക്ക് തിരികെ വരാനുള്ള വിമാനസെർവീസുകളെ പറ്റി കുറഞ്ഞത് മൂന്ന് ദിവസം മുന്പെങ്കിലും അറിയിപ്പ് ലഭിക്കുകയാണെങ്കിൽ മാത്രമേ മിക്കവർക്കും ഇത് ഉപകാരപ്രദമാകൂ എന്നാണ് യാത്രക്കാർ ചൂണ്ടികാട്ടുന്നത്. അതേസമയം എയർബബിൾ കോൺ്ട്രാകറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ തീരുമാനമാകുകയാണെങ്കിൽ നാട്ടിൽ നിന്ന് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ യാത്രക്കാർക്ക് ബഹ്റൈനിലേയ്ക് യാത്ര ചെയ്യാൻ സാധിക്കും.

