ഫീനാ ഖൈർ പദ്ധതി നടത്തിപ്പിൽ ഫ്രന്‍റ്സ് അസോസിയേഷൻ പങ്കാളിയാവും


മനാമ: കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനായി ഹമദ് രാജാവിന്റെ ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ‍ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് അൽ‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈർ‍’ പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘വീട്ടിൽ ഭക്ഷണം’ പരിപാടിയുടെ നടത്തിപ്പിൽ ഫ്രന്‍റ്സ് സോഷ്യൽ‍ അസോസിയേഷൻ പങ്കാളിയാകും. കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവിഭവക്കിറ്റുകൾ‍ എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കാപിറ്റൽ ഗവർ‍ണറേറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. കാപിറ്റൽ ഗവർണർ ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ മേൽനോട്ടത്തിൽ നടന്നു വരുന്ന പദ്ധതിയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കിറ്റുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഫ്രന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജമാൽ നദ്വി ഇരിങ്ങൽ വ്യക്തമാക്കി. 

റമദാനിൽ കാപിറ്റൽ ഗവർണറേറ്റ് നടപ്പാക്കിയ ഇഫ്താർ‍ കിറ്റ് വിതരണത്തിൽ മികച്ച സഹകരണം അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടത്തെി ഭക്ഷ്യവിഭവ കിറ്റുകൾ കൈമാറുമെന്ന് വെൽ‍കെയർ ടീം ക്യാപ്റ്റൻ അബ്ദുൽ മജീദ് തണൽ‍ വ്യക്തമാക്കി. കാപിറ്റൽ ഗണർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് ആന്‍റ് പ്രൊജക്റ്റ്സ് മാനേജ്മെന്‍റ് ഹെഡ് യൂസുഫ് യഅ്ഖൂബ് ലോറി ഭക്ഷ്യ വിഭവ കിറ്റുകൾ കൈമാറി. ഹോസ്പിറ്റാലിറ്റി ആന്‍റ് ചാരിറ്റി കോർഡിനേറ്റർ‍ ആന്‍റണി പൗലോസ് കുന്നംപുഴ, ദിശ സെന്‍റർ ഡയറക്ടർ അബ്ദുൽ ഹഖ്, അൻ‍വർ മൊയ്തീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

Most Viewed