മുഖ്യമന്ത്രിയുടെ പ്രവാസി വിരുദ്ധത: ഇടതുപക്ഷ പ്രവാസി സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് ബഹ്‌റൈൻ കെ.എം.സി.സി

മനാമ: കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ടവരും ഗർഭിണികളും മറ്റ് രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്നവരുമാണ് തിരികെപോകാൻ തയാറായി എംബസിയിലും മറ്റും അപേക്ഷ നൽകി കാത്തിരിക്കുന്നത്. എന്നാൽ സ്വദേശത്തേക്ക് പോകാനുള്ള അവരുടെ അവകാശങ്ങളെ പോലും നിഷേധിച്ചാണ് കേരളത്തിലേക്കുള്ള വിമാന സർവ്‍വീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. അതിനിടെ ദുബൈയിൽ നിന്നുള്ള കെ.എം.സി.സിയുടെ വിമാനത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അനുമതി നിഷേധിച്ചു. ഈ വിഷയങ്ങളിലൊക്കെയും പ്രവാസി പക്ഷത്ത് നിലകൊള്ളേണ്ട പ്രവാസി കമ്മീഷനും ലോക കേരള സഭാ അംഗങ്ങളും മൗനം പൂണ്ടിരിക്കുകയാണ്. ഇനിയും ഈ മൗനം തുടർന്നാൽ പ്രവാസലോകം വലിയ അനന്തരഫലങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നും ഇതിനെതിരേ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
ആശങ്കാജനകമായി കൊവിഡ് വ്യാപിക്കുന്പോൾ ലോകം ഒറ്റക്കെട്ടായി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ അതിനിടയ്ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഗൾഫ് നാടുകളിൽ നിന്ന് ചാർട്ടർ വിമാന സർവ്‍വീസ് നടത്തുന്ന കാരുണ്യസംഘടനകളൊക്കെയും ഒരേ തുക ടിക്കറ്റിന് ഈടാക്കുന്പോൾ കെ.എം.സി.സിയെ മാത്രം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഇതിന് തെളിവാണ്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പക്വതയോടെ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ നെറികെട്ട രാഷ്ട്രീയം കളിക്കുന്നത് കേരളത്തിന് തന്നെ അപമാനമാണെന്നം നേതാക്കൾ പറഞ്ഞു.